1. ഭവന നിർമ്മാണത്തിന് ധനസഹായം

യുദ്ധം, സൈനിക ഓപ്പറേഷന്‍ എന്നിവയുടെ ഭാഗമായി ശാരീരിക പരിമിതിമൂലം ബോർഡ് ഔട്ട്‌ ചെയ്യപ്പെട്ട സൈനികര്‍/ സൈനിക സേവനത്തിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍/ സൈനിക സേവനത്തിലിരിക്കെ ഡ്യൂട്ടിക്കിടെ സംഭവിച്ച അപകടം കാരണം ബോർഡ് ഔട്ട്‌ ആയ സൈനികര്‍/സേവനത്തിലിരിക്കെ സേവനത്തിന്റെ ഭാഗമായുള്ള ചുറ്റുപാടുകളില്‍ നിന്ന് സംഭവിച്ചതോ അത് കാരണം അധികരിച്ചതോ ആയ അസുഖങ്ങള്‍ കാരണം ബോർഡ് ഔട്ട്‌ ആയ സൈനികര്‍/ ട്രെയിനിംഗിനിടെ ശാരീരിക പരിമിതി കാരണം ഡിസബിലിറ്റി പെൻഷനോട് കൂടി ബോർഡ് ഔട്ട്‌ ആയ റിക്രൂട്ടുകള്‍/ ഇവരുടെ അഭാവത്തില്‍ ഭവനരഹിതരായ, 60 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്തഭടന്മാര്‍ എന്നിവർക്ക് സ്വന്തമായി വീടില്ലെങ്കില്‍ ഭവന നിർമ്മാണത്തിന് ധനസഹായമായി 2 ലക്ഷം രൂപ നൽകി വരുന്നു. അപേക്ഷിക്കാനുള്ള വാർഷിക വരുമാന പരിധി 3 ലക്ഷം രൂപ. അപേക്ഷ ജില്ലാ സൈനിക ഓഫീസുകളില്‍ മരണപ്പെട്ട് /പിരിഞ്ഞ് വന്ന് 5 വർഷത്തിനകം നൽകേണ്ടതാണ്. യുദ്ധത്തില്‍ മരണപ്പെട്ട സൈനികരുടെ വിധവകൾക്കും അംഗ വൈകല്യം സംഭവിച്ച് ബോർഡ് ഔട്ട്‌  ചെയ്യപ്പെട്ട സൈനികർക്കും വരുമാനപരിധി ബാധകമല്ല.

2. ധീരതാ പുരസ്ക്കാരങ്ങള്‍ ലഭിച്ചവർക്ക് ക്യാഷ് അവാർഡ്  ‌
ധീരതയ്ക്ക് ബഹുമതി പുരസ്കാരങ്ങള്‍ ലഭിച്ച കേരളീയർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ക്യാഷ് അവാർഡ് നൽകുന്നു. പരമവീര ചക്രം മുതല്‍ മെൻഷൻ-ഇൻ-ഡസ്‌പാച്ച് വരെ ലഭിക്കുന്നവർക്ക്  ഈ ആനുകൂല്യം നൽകി വരുന്നു.

3. നോണ്‍ ഗ്യാലന്ററി അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡ് 
പരംവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ ലഭിച്ചവർക്ക് സംസ്ഥാന സർക്കാരിൽ നിന്നും യഥാക്രമം 100,000/-, 50,000/-, 25,000/- രൂപ വീതം ഒറ്റത്തവണ ക്യാഷ് അവാർഡായി നൽകുന്നു.

4. പ്രാദേശിക സേനാ മെഡല്‍ ജേതാക്കൾക്ക് ക്യാഷ് അവാർഡ്  
പ്രാദേശിക സേനാ (Territorial Army) വിഭാഗങ്ങളിലെ ടി.എ. ഡക്കറേഷന്‍ /ടി.എ മെഡല്‍ സൈനികർക്ക്  5,000/- രൂപ ക്യാഷ് അവാർഡ് നൽകുന്നു.

5. മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി
യുദ്ധത്തിലോ, യുദ്ധ സമാന സാഹചര്യങ്ങളിലോ, സൈനിക സേവനത്തിനിടക്ക് കൊല്ലപ്പെടുന്ന, കാണാതാകുന്ന, അംഗവൈകല്യം സംഭവിക്കുന്ന പ്രതിരോധ സേനാഗംങ്ങളുടെ ആശ്രിതർക്ക്  മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധിയില്‍ നിന്നും പരമാവധി 10 ലക്ഷം വരെ ധനസഹായം അർഹതയ്ക്ക് നൽകുന്നു. പാരാമിലിട്ടറി/ GREF വിഭാഗത്തിൽപ്പെട്ടവർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. ഭീകരവാദികള്‍/ തീവ്രവാദികള്‍/ നക്സലൈറ്റുകള്‍ എന്നിവരുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലില്‍ പ്രതിരോധ സേന/ പാരാ മിലിട്ടറി/ സി എ പി എഫ് വിഭാഗത്തിൽപ്പെട്ട അംഗവൈകല്യം സംഭവിക്കുന്നവർക്ക് 3 ലക്ഷം രൂപ വരെയും ധനസഹായത്തിന് അർഹതയുണ്ട്.

6. കാഡറ്റ് സ്കോളർഷിപ്പ് 
സൈനിക അക്കാദമികളിലും സൈനിക നഴ്സിംഗ് കോളേജ്/ സ്കൂള്‍ എന്നിവകളില്‍ നേരിട്ട് പ്രവേശനം നേടി പരിശീലനാന്തരം സേനയില്‍ കമ്മിഷനിംഗ് ലഭിച്ച് സേവനം തുടരുന്ന കേരളീയരായ കാഡറ്റുകൾക്ക് സ്കോളർഷിപ്പ് നൽകി വരുന്നു. സ്കോളർഷിപ്പ് തുക ഓഫീസര്‍ കാഡറ്റ് – 200,000/- രൂപ നഴ്സിംഗ് കാഡറ്റ് 100,000/- രൂപ

7. ബി.എസ്..എസ് (ബ്രൈറ്റ് സ്റ്റുഡെന്റ്റ് സ്കോളർഷിപ്പ് )

പഠനത്തില്‍ മിടുക്കരായ വിമുക്ത ഭടന്മാരുടെ കുട്ടികള്‍ പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകൾക്ക്  സംസ്ഥാന സർക്കാർ വാർഷിക സ്കോളർഷിപ്പ്   (2,500/- രൂപ മുതല്‍ 4,000/- രൂപ വരെ) നൽകി വരുന്നു. വാർഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വാർഷികാന്ത്യ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാർക്ക് വാങ്ങിയവർക്ക് ‌ഇതിനപേക്ഷിക്കാവുന്നതാണ്.

8. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികൾക്കും അവരുടെ വിധവകൾക്കും ധനസഹായം
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത (03.09.1939 നും 01.04.1946 നും ഇടയില്‍ സർവ്വീസിലുണ്ടായിരുന്ന) യോദ്ധാക്കൾക്കും വിധവകൾക്കും പ്രതിമാസം 8,000/- രൂപ ധനസഹായം നൽകുന്നു. പുനർ നിയമനം  ലഭിച്ചവരും, വാർഷിക കുടുംബ വരുമാനം 50,000/- രൂപയില്‍ കൂടുതലുള്ളവരും മറ്റ് പെൻഷനുകൾ ലഭിക്കുന്നവരും ഇതിനർഹരല്ല.

9. സ്കോളർഷിപ്പ് 
സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്ക് 3,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്കോളർഷിപ്പ് നിബന്ധനകൾക്ക്  വിധേയമായി നൽകി വരുന്നു. വാർഷിക വരുമാന പരിധി ഇല്ല

10. എൻട്രൻസ്  കോച്ചിംഗിന് സാമ്പത്തിക സഹായം
എഞ്ചിനീയറിംഗ് / എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതാന്‍ വിമുക്തഭടന്മാരുടെ കുട്ടിക്ക് 9,000/- രൂപ ക്രമത്തില്‍ നിബന്ധനകൾക്ക് വിധേയമായി സാമ്പത്തിക സഹായം നൽകുന്നു.  (ആകെ 300 അപേക്ഷകർക്ക് ‌ മാത്രം)

11. പുനരധിവാസ പരിശീലനം
വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും പുനരധിവാസ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്ക് ആളൊന്നിന് പരമാവധി 30,000/- രൂപ വരെ നിബന്ധനകൾക്ക്  വിധേയമായി നൽകി വരുന്നു. കൂടാതെ വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് തൊഴിലധിഷ്ടിത പരിശീലനവും നൽകി വരുന്നു.