സൈനിക ക്ഷേമ വകുപ്പിനെക്കുറിച്ച്
വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും സര്വതോന്മുഖമായ ക്ഷേമത്തിനും പുനരധിവാസത്തിനും സൈനികരുടെയും അവരുടെ ആശ്രിതരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി കേരള സര്‍ക്കാരിന്റെ പൊതുഭരണ വകുപ്പിന് കീഴില്‍ സൈനികക്ഷേമ വകുപ്പ് പ്രവര്‍ത്തിക്കുന്നു. സൈനികക്ഷേമ വകുപ്പിന്റെ ആസ്ഥാനം തിരുവനന്തപുരത്ത് വികാസ് ഭവനിലാണ്. സൈനികക്ഷേമ ഡയറക്ടര്‍ ആണ് ഈ വകുപ്പിന്റെ തലവന്‍. പ്രസ്തുത വകുപ്പിന്റെ കീഴില്‍ ജില്ലകള്‍ തോറും സൈനികക്ഷേമ ആഫീസുകളുണ്ട്. ജില്ലാ സൈനിക ക്ഷേമ ആഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഓരോ ജില്ലയിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രതലത്തില്‍ നിയന്ത്രിക്കുന്നത് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എക്സ് സര്‍വീസ് വെല്‍ഫെയറാണ്. കര, വ്യോമ, നാവിക സേനകളുടെ കേന്ദ്ര ആഫീസുകളും എല്ലാ റിക്കാര്ഡാഫീസുകളും കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളിലെ വിവിധ വകുപ്പുകളും വിമുക്തഭടന്മാരുടെ പുനരധിവാസത്തിനും അവരുടെയും സൈനികരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയതലത്തിലും സംസ്ഥാന തലത്തിലും പരസ്പരം അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നു.
വിമുക്തഭടന്മാരുടെ പുനരധിവാസത്തിനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കുന്ന സംസ്ഥാന സംയുക്തനിധി (അമാല്‍ഗമേറ്റഡ് ഫണ്ട്) യുടെയും, രാജ്യസൈനികബോര്ഡിന്റെയും പതാകദിനഫണ്ടിന്റെയും സെക്രട്ടറി എന്നീ ഔദ്യോഗിക ചുമതലകള്‍ കൂടി സൈനികക്ഷേമഡയറക്ടര്ക്കുണ്ട്. പതാകനിധിയില് നിന്നും സ്വരൂപിക്കുന്ന പണം മുഴുവനും വിമുക്തഭടന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ബഹു. സംസ്ഥാനഗവര്‍ണ്ണര്‍ സംയുക്തനിധിയുടെ ചെയര്‍മാനും മുഖ്യമന്ത്രി രാജ്യസൈനികബോര്ഡിന്റെയും പതാകദിനഫണ്ട് കമ്മിറ്റിയുടെയും പ്രസിഡന്റുമാണ്.
ലക്ഷ്യങ്ങളും ചുമതലകളും
വിമുക്തഭടന്മാരുടെ പുനരധിവാസത്തിനും അവരുടെയും സൈനികരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
സംയുക്ത നിധിയുടെയും (അമാല്‍ഗമേറ്റഡ് ഫണ്ട്) സൈനികക്ഷേമനിധിയുടെയും ഭരണകാര്യങ്ങളും ശരിയായ വിനിയോഗവും കൈകാര്യം ചെയ്യുക.
വിമുക്തഭടന്മാരെയും, സൈന്യത്തെയും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കുക.
സൈന്യസേവനത്തിന് യുവജനങ്ങളെ പ്രേരിപ്പിക്കുക.
സൈനികക്ഷേമവകുപ്പ് ചെയ്തുവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെ തൊഴില്‍ സഹായം, സാമ്പത്തിക സഹായം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം.