സംസ്ഥാന സര്‍ക്കാര്‍
ആശ്രിതര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ തൊഴില്‍ സഹായം:
യുദ്ധത്തില്‍ മരണപ്പെടുകയോ, 50% ലേറെ പരിക്കേല്‍ക്കുകയോ, കാണാതാവുകയോ ചെയ്യുന്നവരുടേയും യുദ്ധസമാന സാഹചര്യങ്ങളില്‍ ഫീല്‍ഡ് അഥവാ ഓപ്പറേഷണല്‍ ഏരിയയില്‍ വച്ച് മരണപ്പെടുകയോ ഗുരുതരമായി പരിക്കേറ്റ്, സിവില്‍ ജോലിക്ക് പ്രാപ്തനല്ലാതാവുകയോ കാണാതാവുകയോ ചെയ്യുന്നവരുടേയും ഓരോ ആശ്രിതര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിയമനം നല്കുന്നു. സായുധ സേനയുടെ കീഴില്‍ സേവനമനുഷ്ഠിക്കവേ അത്യാഹിതം സംഭവിച്ച അര്‍ദ്ധസൈനിക വിഭാഗങ്ങളായ ജനറല്‍ റിസര്‍വ് എഞ്ചിനീയറിംഗ് ഫോഴ്സ് (GREF), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF) എന്നിവയില്‍ സേവനമനുഷ്ഠിച്ചവരുടെ ആശ്രിതര്‍ക്കും (മിലിട്ടറി അധികാരികള്‍ സാക്ഷ്യപ്പെടുത്തി നല്കുന്ന Attributability സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) ഈ ആനുകൂല്യം ലഭിക്കാം. വിശദവിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.
അര്‍ഹത
എ) തൊഴില്‍ സഹായം ഒരു ആശ്രിതന് മാത്രം
ബി) മുന്‍ഗണനാ ക്രമം (ഭാര്യ/ഭര്‍ത്താവ്/മകന്/മകള്‍/വിവാഹിതനല്ലാത്ത സഹോദരന്/വിവാഹിതയല്ലാത്ത സഹോദരി
സി) നിയമാനുസൃത വയസ്സിളവ്
ഡി) സൈനികന് മരണപ്പെടുകയോ കാണാതാകുകയോ അംഗഭംഗം വരികയോ ചെയ്ത് മൂന്നു വര്‍ഷത്തിനകം അപേക്ഷ നല്‍കിയിരിക്കണം. ആശ്രിതന്/ആശ്രിത പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ പ്രായപൂര്‍ത്തിയായി മൂന്നു വര്‍ഷത്തിനകം അപേക്ഷിച്ചിരിക്കണം.
ഹാജരാക്കേണ്ട രേഖകള്‍
അപേക്ഷ
പെന്ഷന് പേയ്മെന്റ് ഓര്‍ഡറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
വയസ്സ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
ജോലി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം
ആട്രിബ്യൂട്ടറി സര്‍ട്ടിഫിക്കറ്റ്
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ സഹായം
സേവനത്തിനിടയില്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യുന്നവരുടെ ഒരാശ്രിതനു കംപാഷനേറ്റ് അടിസ്ഥാനത്തിലുള്ള നിയമന പദ്ധതിയനുസരിച്ച് കേന്ദ്ര സര്‍വ്വീസില്‍ ജോലി നല്‍കും. കൂടാതെ സേവനത്തിനിടയില്‍ മരണപ്പെടുകയോ, ഗുരുതരമായ പരിക്കുകള്‍ മൂലം പിരിച്ചയയ്ക്കപ്പെടുകയോ ചെയ്യുന്ന സൈനികരുടെ രണ്ട് ആശ്രിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രയോറിറ്റി IIA രജിസ്ട്രേഷന് മുഖേന നിയമനങ്ങളില്‍ മുന്‍ഗണന നല്കുന്ന പദ്ധതി നിലവിലുണ്ട്. ഇതിനുള്ള അപേക്ഷ നല്‍കേണ്ടത് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്കാണ്. കംപാഷനേറ്റ് നിയമനത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട റിക്കാര്‍ഡ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്.
കേന്ദ്ര ഗവ: സ്ഥാപനങ്ങളില്‍ ക്ലാസ് 3, 4 എന്നീ തസ്തികകളിലെ നിയമനങ്ങളില്‍ വിമുക്തഭടന്മാര്ക്ക് യഥാക്രമം 10%, 20% എന്നിങ്ങനെ സംവരണം. കൂടാതെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലും ദേശസാല്‍കൃത ബാങ്കുകളിലും ക്ലാസ് 3, 4 തസ്തികകളിലെ നിയമനങ്ങള്‍ക്ക് 14.5%, 24.5% എന്നീ ക്രമത്തില്‍ സംവരണം.
ഡിഫന്‍സ് സെക്യൂരിറ്റി കോറി (Defence Security Corps) ലെ നിയമനം മുഴുവന്‍ വിമുക്തഭടന്മാര്ക്കു മാത്രം. സൈനിക സേവനത്തില്‍ നിന്ന് പിരിഞ്ഞ് 5 വര്‍ഷത്തിനുള്ളില്‍ പുനര്‍ നിയമനം നേടേണ്ടതാണ്. മേഖലാടിസ്ഥാനത്തിലാണ് നിയമനം. കേരളം, ഗോവ, പോണ്ടിച്ചേരി, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയവ സതേണ്‍ സോണില്‍ ഉള്‍പ്പെടുന്നു. വിവിധ റാങ്കുകളിലുള്ളവര്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന പ്രായപരിധിക്കുള്ളില്‍ പുന:നിയമനത്തിന് അപേക്ഷിക്കേണ്ടതാണ്.
(Subedar Major & equivalent (52), Subedar equivalent (50), Nb/Sub & Equivalent (50), Havildar & Equivalent (47), Naik & Sepoys & Equivalent (45))
സ്വയം തൊഴില്‍ പദ്ധതികള്‍
കേന്ദ്ര പുനരധിവാസ വകുപ്പ്, വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കും കാര്‍ഷിക, വ്യവസായിക, വാണിജ്യ സേവന മേഖലകളില്‍, സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. സ്വയം തൊഴില്‍ പദ്ധതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.